കൊച്ചി: ജനിച്ചുവളര്‍ന്ന ഗ്രാമത്തിന്റെ ലാവണ്യം ഉള്ളില്‍ സൂക്ഷിക്കുമ്പോഴും , മുന്നിലെത്തിയ പ്രതിസന്ധികളെ ചടുലമായി കീഴടക്കി, തനതായ വഴിവെട്ടി മുന്നേറിയ രാഷ്ട്രീയ ജീവിതം. അന്തരിച്ച മുന്‍ മന്ത്രി ടി.യു. കുരുവിളയുടെ ജീവിതവും രാഷ്ട്രീയവും കഠിനാധ്വാനവും വിജയവും സമം ചേരുന്നൊരു ഫോര്‍മുലയാണ്.
ചെറുപ്പത്തില്‍ നാട്ടിലെ പേരെടുത്ത നീന്തല്ക്കാരനെന്ന ഖ്യാതി കുരുവിളയ്ക്കുണ്ടായിരുന്നു. രാഷ്ട്രീയത്തിലും ജീവിതത്തിലും വിജയങ്ങളിലേക്കു നീന്തിക്കയറാനുള്ള കുതിപ്പില്‍, തടസങ്ങളെപ്പോലും അദ്ദേഹം ഊര്‍ജമാക്കി. സിവില്‍ എന്‍ജിനിയറിംഗ് ബിരുദധാരിയില്‍ നിന്നു പഞ്ചായത്ത് പ്രസിഡന്റിലേക്കും അവിടെനിന്നു സംസ്ഥാനത്തിന്റെ പൊതുമരാത്ത് മന്ത്രിവരെയുമെത്തിയ അദ്ദേഹത്തിന്റെ സുദീര്‍ഘ പൊതുജീവിതത്തിനു മാറ്റേറെയാണ്.
1964-78 കാലഘട്ടത്തില്‍ കീരംപാറ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ടി.യു. കുരുവിള നാടിന്റെ എല്ലാ ആവശ്യങ്ങളിലും സജീവസാന്നിധ്യമായിരുന്നു. ജനപ്രതിനിധി എന്ന നിലയില്‍ തന്റെ നേതൃമികവിന്റെ വഴികള്‍ തുറക്കാനുള്ള അവസരം കൂടിയായിരുന്നു അത്. തുടര്‍ന്നിങ്ങോട്ട് കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തിലും ഭരണരംഗത്തും യാക്കോബായ സഭയിലെ നേതൃപദവികളിലുമെല്ലാം അദ്ദേഹം നക്ഷത്രത്തിളക്കങ്ങള്‍ അടയാളപ്പെടുത്തി. കേരള കോണ്‍ഗ്രസിന്റെ തലമുതിര്‍ന്ന നേതാവ്, കോതമംഗലം എംഎല്‍എ, മന്ത്രി, മികച്ച സംഘാടകന്‍, സഹകാരി, വ്യവസായി, ടൂറിസം സംരംഭകന്, വിദ്യാഭ്യാസ മാര്‍ഗദര്‍ശി, ലയണ്‍സ് പ്രസ്ഥാനത്തിന്റെ സാരഥി.... ടി.യു. കുരുവിള എന്ന സാരഥിയുടെ പേരിനു താഴെ കുറിക്കാന്‍ വിശേഷണങ്ങളേറെ.
കോതമംഗലം മണ്ഡലത്തിലെ എല്ലാ പ്രധാന റോഡുകളിലും ലോകോത്തര നിലവാരമുള്ള ടാറിംഗ് ഉറപ്പാക്കിയത് ടി.യു. കുരു വിള ജനപ്രതിനിധിയായപ്പോഴാണ്. കോടിക്കണക്കിന് രൂപയുടെ പദ്ധതികളാണ് പൊതുമരാമത്ത് വകുപ്പില്‍ കോതമംഗലം മണ്ഡലത്തില്‍ നടപ്പാക്കിയത്. എല്ലാ കനാല്‍ റോഡുകളും ടാര്‍ ചെയ്തു.
ഏറ്റവും കൂടുതല്‍ ഗ്രാമീണ റോഡുകള്‍ പൊതുമരാമത്ത് വകുപ്പിനെക്കൊണ്ട് ഏറ്റെടുപ്പിക്കാനായതും ഭൂതത്താന്‍കെട്ട് ബാരേജിലൂടെയുള്ള പാലത്തിന്റെ കാലപ്പഴക്കം കണക്കിലെടുത്ത് ഇറിഗേഷന്‍ വകുപ്പില്‍ നിന്നും അനുമതി ലഭ്യമാക്കി പുതിയ പാലം നിര്‍മിച്ചതും ടി.യു. കുരുവിള എംഎല്‍എയായിരുന്നപ്പോഴാണ്. ഏഴു നിലകളിലുള്ള കോതമംഗലം മിനി സിവില്‍ സ്റ്റേഷന് യാഥാര്‍ഥ്യമാക്കിയത് കുരുവിളയുടെ കാലഘട്ടത്തിലായിരുന്നു.
കായികതാരങ്ങള്‍ക്ക് താമസിച്ചു പരിശീലനം നേടുന്നതിനുള്ള സിന്തറ്റിക് ട്രാക്കോടുകൂടിയ ചേലാടാ സ്റ്റേഡിയം പദ്ധതി ടി.യു. കുരുവിളയുടെ ആശയമായിരുന്നു. ഇതിന്റെ പ്രവര്‍ത്തനങ്ങളുമായി ഏറെ ദൂരം അദ്ദേഹം മുന്നോട്ടുപോയതാണ്. പില്ക്കാലത്ത് സാങ്കേതിക തടസങ്ങള്‍ ചൂണ്ടിക്കാട്ടി പദ്ധതി മുടങ്ങി.
വി.എസ്. സര്‍ക്കാരില്‍ പി.ജെ. ജോസഫിന്റെ രാജിയെത്തുടര്‍ന്നു 2006ല്‍ മന്ത്രിസ്ഥാനം ഏറ്റെടുത്ത ടി.യു. കുരുവിള ചുരുങ്ങിയ കാലം കൊണ്ടു പൊതുമരാമത്തു വകുപ്പില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കി. ഒരു വര്‍ഷത്തിനുശേഷമെത്തിയ രാജകുമാരി ഭൂമിയിടപാട് വിവാദത്തില്‍പ്പെട്ടു മന്ത്രിപദവി ഒഴിയേണ്ടിവന്നു. അതിനുശേഷവും പൊതുരംഗത്ത് അദ്ദേഹം നിറഞ്ഞുനിന്നു.